Zygo-Ad

മട്ടന്നൂരിൽ വൻ മദ്യവേട്ട: ബൈക്കിൽ കടത്തിയ മാഹി മദ്യവുമായി യുവാവ് പിടിയിൽ

 


മട്ടന്നൂർ: ബൈക്കിൽ കടത്തുകയായിരുന്ന വൻ മദ്യശേഖരവുമായി യുവാവിനെ ഇരിട്ടി എക്സൈസ് സർക്കിൾ സംഘം പിടികൂടി. ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി വളയത്ത് വീട്ടിൽ വി.സി. മാത്യുവിനെയാണ് (45) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 17 ലിറ്റർ മാഹി മദ്യവും കടത്താനുപയോഗിച്ച മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂരിൽ വെച്ച് പ്രതി പിടിയിലായത്. പിടിച്ചെടുത്ത മദ്യം മാഹിയിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ