മട്ടന്നൂർ: കുടുംബവഴക്കിനെത്തുടർന്ന് കോഴിക്കൂടിന് തീവെച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. എടയന്നൂരിലെ ഖദീജ മൻസിലിൽ സി.വി. ഖദീജയുടെ പരാതിയിൽ ഭർത്താവ് ഹമീദിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. തീപിടുത്തത്തിൽ എട്ട് കോഴികൾ ചത്തു.
ജനുവരി 27ന് പുലർച്ചെ 3.30-ഓടെയാണ് സംഭവം നടന്നത്. ഖദീജയുടെ എടയന്നൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, വീടിന് സമീപമിരുന്ന കോഴിക്കൂട് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂട് പൂർണ്ണമായും കത്തിയതിനൊപ്പം ഉള്ളിലുണ്ടായിരുന്ന എട്ട് കോഴികളും ദാരുണമായി ചത്തു.
സംഭവത്തിൽ ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടമ്മ പോലീസിനെ അറിയിച്ചു. ഖദീജയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത മട്ടന്നൂർ പോലീസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
