കൂത്തുപറമ്പ്: നിർമ്മലഗിരി-ആമ്പിലാട് ഗവ. ഐ.ടി.ഐ. റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതം ദുഷ്‌കരമായി. മാങ്ങാട്ടിടം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഇരുക്കാട് ഇല്ലം ഭാഗത്താണ് റോഡ് വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ തകർന്നിരിക്കുന്നത്.
കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ., കുറുമ്പുക്കൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും നിത്യേന ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷകൾ പോലും ഈ ഭാഗത്തേക്ക് വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
റോഡ് തകർന്നിട്ട് കാലമേറെയായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് റോഡ് ഉടൻ പുനരുദ്ധരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


