മട്ടന്നൂർ: കണ്ണൂർ-മട്ടന്നൂർ റോഡിലെ കൊതേരിയിൽ ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തുനിന്ന് ചാലോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സിയുമാണ് അപകടത്തിൽപ്പെട്ടത്.
കാർ യാത്രക്കാരായ മട്ടന്നൂർ സ്വദേശികളായ റഹ്മാൻ, അമീദ്, റഹ്മത്ത് എന്നിവർക്കും ഓട്ടോ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തെത്തുടർന്ന് മട്ടന്നൂർ-കണ്ണൂർ റോഡിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
