കൂത്തുപറമ്പ്: നഗരസഭയുടെ ജൈവമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി പാലാപറമ്പ് കേന്ദ്രത്തിൽ അത്യാധുനിക യന്ത്രങ്ങൾ സ്ഥാപിച്ചു. മാലിന്യങ്ങൾ വേഗത്തിൽ പൊടിച്ചെടുക്കുന്നതിനുള്ള ബയോ വെയ്സ്റ്റ് ഷെഡ്ഡർ, വേർതിരിക്കൽ പ്രക്രിയ ലളിതമാക്കുന്ന മോട്ടോറൈസ്‌ഡ് സീവർ എന്നിവയാണ് പുതുതായി സജ്ജമാക്കിയത്.
യന്ത്രങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷിജിത്ത് വി. നിർവഹിച്ചു. നഗരസഭയിലെ ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ നൂതന സംവിധാനങ്ങൾ സഹായിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മാലിന്യം സംസ്‌കരിക്കാൻ സാധിക്കുമെന്നത് നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകും.
