Zygo-Ad

മട്ടന്നൂർ ബിആർസി ഓഫീസ് റവന്യൂ ടവറിലേക്ക് മാറ്റി; ഉദ്ഘാടനം കെ.കെ ശൈലജ എം.എൽ.എ നിർവ്വഹിച്ചു


 മട്ടന്നൂർ: മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ബിആർസി (BRC) ഓഫീസ് സൗകര്യപ്രദമായ പുതിയ കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. മട്ടന്നൂർ റവന്യൂ ടവറിലെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവരെ മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്കൂളിലാണ് ബിആർസി പ്രവർത്തിച്ചിരുന്നത്.

പുതിയ ഓഫീസിന്റെ ഉദ്ഘാടനം കെ.കെ ശൈലജ എം.എൽ.എ നിർവ്വഹിച്ചു. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ബിആർസിക്ക് കൂടുതൽ വിശാലവും വെളിച്ചവുമുള്ള ഒരിടം ലഭിച്ചത് വരുംകാല പ്രവർത്തനങ്ങൾക്ക് ഉന്മേഷം നൽകുമെന്ന് എം.എൽ.എ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രം എന്ന നിലയിൽ ഇത്തരം സൗകര്യങ്ങൾ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.


നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ചടങ്ങിൽ അധ്യക്ഷനായി. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ വി.കെ സുഗതൻ, വാർഡ് കൗൺസിലർ പി. പ്രജില, എ.ഇ.ഒ കെ. ബിന്ദു തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

കൂടാതെ, റവന്യൂ ടവറിലെ രണ്ടാമത്തെ പുതിയ ഓഫീസായി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ണൂർ ജില്ലാ ഓഫീസും പ്രവർത്തനം ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം മാർച്ച് 11 ബുധനാഴ്ച ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. കിഫ്ബി സഹായത്തോടെ ഏകദേശം 34.30 കോടി രൂപ ചിലവഴിച്ചാണ് മട്ടന്നൂരിൽ അഞ്ചുനിലകളിലായി ഈ റവന്യൂ ടവർ നിർമ്മിച്ചിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ