Zygo-Ad

പഴശ്ശി പദ്ധതിയിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക്

 


മട്ടന്നൂർ: കടുത്ത വേനലിലും ഉഷ്ണതരംഗത്തിലും പഴശ്ശി ജലസംഭരണിയിലെ ജലനിരപ്പ് ആശങ്കാജനകമായ രീതിയിൽ താഴുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടര മീറ്ററോളം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് താഴ്ന്നതോടെ പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം പൂർണ്ണമായും നിലച്ചു. ഫെബ്രുവരി ആദ്യവാരം 26.52 മീറ്ററുണ്ടായിരുന്ന ജലനിരപ്പ് ഇപ്പോൾ 24.04 മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്.

പഴശ്ശിയുടെ പ്രധാന സ്രോതസ്സുകളായ ബാവലി, ബാരാപോൾ പുഴകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ബ്രഹ്മഗിരി, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ നീരുറവകൾ വറ്റിവരണ്ടതും തുലാവർഷത്തിന്റെ കുറവും സ്ഥിതി സങ്കീർണ്ണമാക്കി. കക്കുവ, ചീങ്കണ്ണിപ്പുഴകളിലെ ഒഴുക്ക് ഇതിനകം തന്നെ നിലച്ചിട്ടുണ്ട്. നിലവിൽ പദ്ധതിയിലേക്ക് എത്തുന്നതിനേക്കാൾ മൂന്നിരട്ടി വെള്ളമാണ് ദിവസേന കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്.

പ്രതിസന്ധിയിലാകുന്ന കുടിവെള്ള പദ്ധതികൾ:

കണ്ണൂർ കോർപ്പറേഷൻ, ഏഴ് നഗരസഭകൾ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കുടിവെള്ള സ്രോതസ്സാണ് പഴശ്ശി പദ്ധതി. ദിനംപ്രതി 250 ദശലക്ഷം ലിറ്റർ വെള്ളമാണ് ആറ് വലിയ പദ്ധതികളിലായി പമ്പ് ചെയ്യുന്നത്. ജലനിരപ്പ് 18 മീറ്ററിൽ താഴെയായാൽ പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെടും. ചൂട് ഇതേ രീതിയിൽ തുടർന്നാൽ ഏപ്രിൽ അവസാനത്തോടെ ജില്ലയിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



വളരെ പുതിയ വളരെ പഴയ