മട്ടന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. സനോജിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പ്രശസ്ത എഴുത്തുകാരൻ ബന്യാമിൻ കൈമാറി. മട്ടന്നൂരിൽ നടന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചായിരുന്നു സ്ഥാനാർത്ഥിക്കുള്ള പിന്തുണ പ്രഖ്യാപിച്ച് തുക നൽകിയത്. ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സച്ചിദാനന്ദന് മറുപടി (പേര് പരാമർശിക്കാതെ):
തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ സി.പി.ഐ.എം തകർന്നുപോകുമെന്ന ചില എഴുത്തുകാരുടെ വാദം കൗതുകകരമാണെന്ന് ബന്യാമിൻ പരിഹസിച്ചു. എൽ.ഡി.എഫ് ജയിച്ചാൽ അഹങ്കാരം കൂടുമെന്ന് പറയുന്ന തലമുതിർന്ന എഴുത്തുകാരന് വികസന കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ലെന്നും സച്ചിദാനന്ദന്റെ പേര് പരാമർശിക്കാതെ അദ്ദേഹം മറുപടി നൽകി.
"100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടതുമുന്നണി സർക്കാർ. അതിനെ താഴെയിറക്കി കട്ടപ്പുറത്തിരിക്കുന്ന ബസ്സിനെ ഓടിക്കാൻ ശ്രമിക്കുന്നവരുടെ യുക്തി മനസ്സിലാകുന്നില്ല. കഴിഞ്ഞ 10 വർഷത്തെ വികസനം കേരളത്തിലെ ഓരോ കുഞ്ഞിനും അറിയാം. അഴിമതി രഹിതമായ ഭരണം കാഴ്ചവെച്ച സർക്കാരിനെതിരെ നുണപ്രചാരണങ്ങൾ നടത്തി അഴിമതിയുടെ ആൾക്കൂട്ടത്തെ അധികാരത്തിലേറ്റാനാണ് ചിലർ ശ്രമിക്കുന്നത്," ബന്യാമിൻ കൂട്ടിച്ചേർത്തു.
650-ലധികം ജനപ്രതിനിധികളെ ബി.ജെ.പിക്ക് സംഭാവന ചെയ്ത മുന്നണിയെ അധികാരത്തിലേറ്റാൻ വാദിക്കുന്നവരുടെ സിദ്ധാന്തം വിചിത്രമാണെന്നും ഇത്തരം നീക്കങ്ങളെ ജനാധിപത്യ വിശ്വാസികൾ പ്രതിരോധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വി.കെ. സനോജിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ബന്യാമിൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
