ഇരിട്ടി:ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ഭീതി ഒഴിഞ്ഞുമാറുന്നില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 5.45-ഓടെ ബ്ലോക്ക് ഒൻപത് പൂക്കുണ്ടിലെ ഓമന ബാബുവിന്റെ പുരയിടത്തിലെ ഷെഡ് കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്ന അമ്മിണി, മഹേഷ്, അമ്മു എന്നിവർ തലനാരിഴയ്ക്കാണ് ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. വളർത്തുനായ കുരച്ച് ബഹളം വെച്ചതോടെ ഉണർന്ന വീട്ടുകാർ, ആന കുടിലിന്റെ പിൻഭാഗം തകർക്കുന്നതിനിടയിൽ മുൻവാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സ്വന്തം സ്ഥലത്ത് ആനശല്യം രൂക്ഷമായതിനെ തുടർന്ന് ബന്ധുവായ ഓമനയുടെ പുരയിടത്തിൽ കുടിൽകെട്ടി താമസിക്കുകയായിരുന്നു അമ്മിണിയും കുടുംബവും. മേഖലയിൽ ഒരു വർഷത്തിനിടെ കാട്ടാന തകർക്കുന്ന പത്താമത്തെ കുടിലാണിത്. വനാതിർത്തിയിലുണ്ടായ തീപിടിത്തത്തിൽ സോളാർ തൂക്കുവേലികൾ നശിച്ചതും കശുവണ്ടി, ചക്ക, മാമ്പഴം എന്നിവയുടെ സീസൺ ആരംഭിച്ചതും ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നു. കൂടാതെ, ചിലയിടങ്ങളിൽ നടക്കുന്ന വ്യാജ ചാരായ നിർമ്മാണവും വാഷിന്റെ ഗന്ധം തേടി ആനകൾ എത്താൻ വഴിയൊരുക്കുന്നുണ്ട്.
നിലവിൽ പത്തോളം ആനകൾ മേഖലയിലുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കെങ്കിലും ഇതിന്റെ ഇരട്ടിയിലധികം ആനകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അവശേഷിക്കുന്ന ആനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള 'ഓപ്പറേഷൻ ഗജമുക്തി' വിഷുവിന് ശേഷം പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
