ഇരിട്ടി: ഇരിട്ടിയില്‍ എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി.
ഉളിക്കൽ നു ച്ചാട് സ്വദേശി മിഥിലാജ് (23), കെ മുഹമ്മദ് സാദിഖ് (28) എന്നിവരെയാണ് ഇരിട്ടി എക്സൈസ് സംഘം പിടികൂടിയത്. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ വലയിലായതെന്ന് അധികൃതർ അറിയിച്ചു.
പ്രതികളില്‍ നിന്ന് 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കർണാടകയിലെ ബംഗ്ളൂരില്‍ നിന്നും ദീർഘദൂര ബസില്‍ ഇരിട്ടിയില്‍ വന്നിറങ്ങിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ എക്സൈസ് തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരുടെ കൈവശമുണ്ടായിരുന്ന മാരക ലഹരി മരുന്ന് കണ്ടെടുത്തത്. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർ സംസ്ഥാന ബസ്സുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിൻ്റെ പ്രധാന പരിശോധന.
ബംഗ്ളൂരു കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളാണോ ഇവരെന്ന കാര്യം എക്സൈസ് പരിശോധിച്ച് വരികയാണ്. ഇരിട്ടി മേഖലയിലെ യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർ ശേഖരിക്കുന്നുണ്ട്.
ലഹരി വ്യാപനം തടയാൻ വരും ദിവസങ്ങളിലും അന്തർ സംസ്ഥാന പാതകളില്‍ കർശന പരിശോധന തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

