മട്ടന്നൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മെയ് 15 മുതൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. നഗരസഭാ അധികൃതരും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
പുതിയ ക്രമീകരണമനുസരിച്ച് തലശ്ശേരി റോഡിൽ ഒരു വശത്ത് മാത്രമായിരിക്കും വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുക. ഗതാഗതം സുഗമമാക്കുന്നതിനായി ബസ് സ്റ്റാൻഡ് പരിസരത്തും ഇരിട്ടി റോഡിലും ഡിവൈഡറുകൾ സ്ഥാപിക്കും. നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന് കൂടുതൽ പോലീസുകാരെ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ അറിയിച്ചു.
