മട്ടന്നൂർ: കാരയിൽ ക്ഷേത്രോത്സവത്തിനിടെ പ്രസാദ സദ്യ കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ ചികിത്സയിലായിരുന്ന വയോധികൻ അന്തരിച്ചു. കാര പേരാവൂർ സ്വദേശി പൂവത്തുംകണ്ടി വിജയൻ (70) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
കാര പുതിയേടത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ഏപ്രിൽ 5, 6 തീയതികളിലായിരുന്നു ക്ഷേത്രോത്സവം നടന്നത്. ഇതിൽ ആറാം തീയതി സദ്യ കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. വയോധികർക്കും കുട്ടികൾക്കും ഉൾപ്പെടെ 300-ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് കണക്കുകൾ.
അസ്വസ്ഥതകൾ അനുഭവപ്പെട്ടവർ കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിജയന്റെ നിര്യാണത്തെത്തുടർന്ന് പ്രദേശത്ത് വലിയ ദുഃഖം തളം കെട്ടിനിൽക്കുകയാണ്.
