ഇരിട്ടി: സർക്കാർ നിഷ്കർഷിച്ച കളർ കോഡിൽ മാറ്റം വരുത്തി സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി ആരംഭിച്ചു. നിയമം ലംഘിച്ച പത്തോളം ബസ്സുകൾക്കെതിരെ ഇതിനകം നടപടിയെടുത്തു.
പൊതുഗതാഗത രംഗത്തെ അനാവശ്യ മത്സരങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ബസ്സുകൾക്ക് പ്രത്യേക കളർ കോഡ് ഏർപ്പെടുത്തിയത്. എന്നാൽ ഇത് ലംഘിച്ച് നിറങ്ങളിൽ മാറ്റം വരുത്തിയും അനധികൃതമായി സ്റ്റിക്കറുകൾ പതിപ്പിച്ചും സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദ്ദേശം നൽകുകയായിരുന്നു.
ആദ്യഘട്ടത്തിൽ 500 രൂപ പിഴയാണ് ഈടാക്കുന്നത്. ഒരാഴ്ചയ്ക്കകം കളർ കോഡ് കൃത്യമായ രീതിയിലാക്കി ഉദ്യോഗസ്ഥരെ കാണിക്കണം. അല്ലാത്തപക്ഷം വലിയ തുക പിഴ ഈടാക്കാനും പെർമിറ്റ് റദ്ദാക്കാനും നടപടിയുണ്ടാകുമെന്ന് ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. രാജീവൻ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
