Zygo-Ad

നിതിൻ രാജിന്റെ മരണം: രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

 


കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളേജ് അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ, എസ്‌സി-എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഭവം അന്വേഷിക്കുന്നതിനായി ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. മരണത്തിൽ ആത്മഹത്യാ പ്രേരണയുണ്ടോ എന്ന കാര്യത്തിലാണ് നിലവിൽ ഊന്നൽ നൽകുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇതിലേക്ക് നയിച്ച സമ്മർദ്ദങ്ങളും സംഘം വിശദമായി പരിശോധിക്കും.


അന്വേഷണം ലോൺ ആപ്പിലേക്കും റാഗിംഗ് പരാതിയിലേക്കും


നിതിൻ ഒരു ലോൺ ആപ്പിൽ നിന്നും പണമെടുത്തിരുന്നതായും അതിനായി അധ്യാപികയുടെ നമ്പർ നൽകിയിരുന്നതായും പ്രാഥമിക വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വന്നത് നിതിന് മേൽ കടുത്ത സമ്മർദ്ദമുണ്ടാക്കാൻ കാരണമായോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പ് അധികൃതർ നിതിന്റെ ഫോണിൽ നിന്നും അധ്യാപികയുടെ നമ്പർ ചോർത്തിയതാണോ എന്നും അന്വേഷിക്കും.

കൂടാതെ, കോളേജിൽ റാഗിംഗ് നടന്നിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക സംഘം അന്വേഷിക്കും. ഇതിന്റെ ഭാഗമായി സഹപാഠികളുടെ മൊഴിയെടുക്കുന്നതിനും, നിതിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുന്നതിനുമായി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും.

 

വളരെ പുതിയ വളരെ പഴയ