കൂത്തുപറമ്പ്: നഗരസഭാ പരിധിയിൽ മാലിന്യം തള്ളുന്ന പൊതുയിടങ്ങളെ ഹരിതോദ്യാനങ്ങളാക്കി മാറ്റാനൊരുങ്ങി കൂത്തുപറമ്പ് നഗരസഭ. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം പൊതുയിടങ്ങളിൽ ശുചിത്വ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചുമർചിത്രങ്ങളും ഒരുക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഹരിതോദ്യാനം നഗരസഭ ഓഫീസിന് സമീപം സജ്ജമായിക്കഴിഞ്ഞു. ജില്ലയിലെ ആദ്യ മാലിന്യമുക്ത നഗരസഭയായ കൂത്തുപറമ്പ്, ശുചിത്വ മേഖലയിൽ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്
നേരത്തെ നഗരസഭാ പരിധിയിലെ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പാലാപറമ്പിലെ ട്രെഞ്ചിങ് ഗ്രൗണ്ട് ബയോമൈനിങ്ങിലൂടെ വീണ്ടെടുക്കുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഇത്തരത്തിൽ വീണ്ടെടുക്കുന്ന സ്ഥലത്ത് ഇക്കോ പാർക്ക് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്


