കൂത്തുപറമ്പ്: പാട്യം മുതിയങ്ങയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 6:45 ഓടെയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊട്ടിയോടി ഭാഗത്തുനിന്നും ചെറുവാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനെ, ഇതേ ദിശയിൽ അതിവേഗത്തിൽ വന്ന ഇന്നോവ കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നോവ കാർ മുന്നിലുണ്ടായിരുന്ന കാറിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു.
അപകടം കണ്ടയുടൻ ഓടിയെത്തിയ നാട്ടുകാരാണ് തോട്ടിൽ മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. കാർ ഇടിച്ചതിനെത്തുടർന്ന് റോഡരികിലൂടെ കടന്നുപോകുന്ന പ്രധാന കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
