Zygo-Ad

ഇരിട്ടി ഇ പ്ലാനറ്റ് കവർച്ചക്കേസ് അന്തർസംസ്ഥാന മോഷ്ടാക്കളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി മോഷ്ടിച്ച മുഴുവൻ ഫോണുകളും പോലീസ് കണ്ടെടുത്തു

 


ഇരിട്ടി :പയഞ്ചേരി മുക്കിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് ഷോറൂമിൽ നിന്ന് പതിനെട്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി മോഷ്ടിച്ച മുഴുവൻ മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.

ബീഹാറിലെ ചമ്പാരൻ സ്വദേശികളായ രാഹുൽ ജയ്‌സ്വാൾ രാധേശ്യാം യാദവ് മുഹമ്മദ് നസീം അൻസാരി രവികുമാർ സഹാനി എന്നിവരെയാണ് മഹാരാഷ്ട്രയിലെ ഭുസാവൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആർ പി എഫിന്റെ സഹായത്തോടെ ഇരിട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി പുലർച്ചെയായിരുന്നു ഇരിട്ടി പയഞ്ചേരി മുക്കിൽ പ്രവർത്തിക്കുന്ന ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് ഷോറൂമിന്റെ ഷട്ടർ കുത്തിത്തുറന്ന് വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടാക്കൾ കവർന്നത്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മോഷണം നടന്ന് രണ്ട് ദിവസത്തിനകം കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പേരെ ഇരിട്ടി പോലീസ് പിടികൂടുകയായിരുന്നു.

ഇരിട്ടി സി ഐ വി സിജിത്ത് പ്രിൻസിപ്പൽ എസ് ഐ കെ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുമായി ഷോറൂമിലെത്തി തെളിവെടുപ്പ് നടത്തിയത് കവർച്ച കേസിലെ പ്രതികൾ പലതന്ത്രങ്ങളും പ്രയോഗിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരിട്ടി പോലീസിന് മുന്നിൽ ഇതെല്ലാം വിഫലമായി കവർച്ച നടന്ന് വെറും നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിലാണ് ഇരിട്ടി പോലീസ് പ്രതികളെ മുഴുവൻ തങ്ങളുടെ വലക്കുള്ളിൽ ഒതുക്കിയത്.

മെയ് ഇരുപത്തിയൊന്നിന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മുഖം മൂടിയണിഞ്ഞെത്തിയ സംഘം ഇ പ്ലാനറ്റിൽ കവർച്ച നടത്തിയത്.രാവിലെ ഒൻപത് മണിയോടെ ജീവനക്കാർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഉടൻ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഐഫോൺ ഉൾപ്പെടെ വിലകൂടിയ നിരവധി മൊബൈൽ ഫോണുകളും കൗണ്ടറിൽ ഉണ്ടായിരുന്ന നാല്പതിനായിരം രൂപയും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റ് സാഹചര്യ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഇരിട്ടിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കാണ് പോയതെന്ന് കണ്ടെത്തി.

പോലീസ് സംഘവും പിന്നാലെ എത്തിയെങ്കിലും സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ സംഘം ട്രെയിനിൽ കയറിയിട്ടില്ലെന്ന് വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബസ്സിൽ മംഗലൂരുവിലേക്കാണ് കടന്നതെന്ന് കണ്ടെത്തി.ബസിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികളെ വ്യക്തമായി തിരിച്ചറിയാൻ പോലീസിന് സാധിച്ചു. ഇതിനിടെ മാഹി പള്ളൂരിൽ സമാനരീതിയിൽ മോഷണം നടന്നതായും ഇവിടെയും മൊബൈൽ ഫോണുകൾ മാത്രം കവർന്ന സംഭവത്തിൽ നിലവിൽ പിടിയിലായ രാഹുലിന്റെ സാന്നിധ്യമുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു.

പോലീസിനെ വഴിതെറ്റിക്കാൻ സംഘം ഗോവയിൽ നിന്ന് ട്രെയിനിൽ കയറി മഹാരാഷ്ട്രയിൽ ഇറങ്ങിയെങ്കിലും ഇവരുടെ പിന്നാലെ ഇരിട്ടി പോലീസ് സംഘം ഉണ്ടായിരുന്നു. മഹാരാഷ്ട്ര ആർപിഎഫിന്റെ സഹായം കൂടി ലഭിച്ചതോടെ പോലീസിന് പ്രതികളെ വേഗത്തിൽ തന്നെ പിടികൂടാൻ സാധിച്ചു. ജില്ലാ പോലീസ് മേധാവിയുടെയും ഇരിട്ടി ഡിവൈഎസ്പിയുടെയും നിർദേശപ്രകാരം നടത്തിയ പഴുതടച്ച അന്വേഷണത്തിന്റെ ഫലമായാണ് പ്രതികളെയും കവർന്ന മൊബൈൽ ഫോണുകളും കണ്ടെത്താനായതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ