വോട്ടെണ്ണൽ നടക്കുന്ന തിങ്കളാഴ്ച ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ഇരിട്ടി മേഖലയിൽ സംഘർഷ സാധ്യത ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളുമായി പോലീസ് രംഗത്ത്. കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച സുരക്ഷാ തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം മലയോര മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം പ്രകടനങ്ങൾക്കും റാലികൾക്കും കർശന നിയന്ത്രണമുണ്ടാകും. പേരാവൂർ നിയോജക മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിക്ക് മാത്രമായിരിക്കും ഫലപ്രഖ്യാപന ദിവസം ഇരിട്ടിയിൽ ആഹ്ലാദ പ്രകടനം നടത്താൻ അനുമതിയുള്ളത്. എന്നാൽ പേരാവൂരിൽ വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ മുന്നണിക്ക് സംസ്ഥാന തലത്തിൽ ഭരണം ലഭിച്ചില്ലെങ്കിൽ ആഹ്ലാദ പ്രകടനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം. ഭൂരിപക്ഷം സീറ്റുകൾ നേടിയെന്ന പേരിൽ മറ്റ് മുന്നണികൾക്ക് അന്ന് പ്രകടനം നടത്താൻ അനുവാദമില്ല.
ഡിജെ സംവിധാനങ്ങൾക്കോ ബൈക്ക് റാലികൾക്കോ വോട്ടെണ്ണൽ ദിനത്തിൽ അനുമതി നൽകില്ല. ഇത്തരം വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കും. പടക്കം ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പാർട്ടി ഓഫീസുകൾക്കോ പ്രധാന നേതാക്കളുടെ വീടുകൾക്കോ മുന്നിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്താൻ പാടില്ല. മുൻകാലങ്ങളിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവരെയും മണ്ഡലത്തിന് പുറത്തുനിന്ന് എത്തുന്നവരെയും പോലീസ് പ്രത്യേകമായി നിരീക്ഷിക്കും.
ആഹ്ലാദ പ്രകടനങ്ങൾ ഡ്രോൺ ഉപയോഗിച്ചായിരിക്കും പോലീസ് നിരീക്ഷിക്കുക. പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് പ്രത്യേക പോലീസ് സ്ക്വാഡിന്റെ പരിശോധനയും ഉണ്ടാകും. മുൻപ് കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പുറത്തുനിന്നുള്ളവർ റാലികളിൽ കടന്നുകൂടി അക്രമമുണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇരിട്ടി സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.
