കതിരൂർ: ദാരിദ്ര്യരഹിതവും മികച്ച ഉപജീവന സൗകര്യങ്ങളുമുള്ള പഞ്ചായത്ത് എന്ന നിലയിൽ കതിരൂർ ഗ്രാമപ്പഞ്ചായത്തിന് ദേശീയ അംഗീകാരം. ആത്മനിർഭർ ഭാരത് വിഭാഗത്തിൽ രാജ്യത്തെ രണ്ട് ലക്ഷത്തിലധികം പഞ്ചായത്തുകളോട് മത്സരിച്ചാണ് കതിരൂർ ദേശീയതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാർഷിക മേഖലയിലെ പുരോഗതിയും കുടുംബശ്രീ വഴിയുള്ള സാമ്പത്തിക ശാക്തീകരണവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
പയർ ഗ്രാമം പദ്ധതി, വാഴകൃഷി വികസനം, തെങ്ങുകൾക്ക് ജൈവവള വിതരണം എന്നിവയിലൂടെ കാർഷികാധിഷ്ഠിത ദാരിദ്ര്യനിർമാർജനം നടപ്പാക്കാൻ പഞ്ചായത്തിന് സാധിച്ചു. 219 അയൽക്കൂട്ടങ്ങളിലായി 3146 അംഗങ്ങളുള്ള കുടുംബശ്രീ വഴി 15.90 കോടി രൂപയുടെ വായ്പയും 21.85 ലക്ഷം രൂപയുടെ പലിശ സബ്സിഡിയും വിതരണം ചെയ്തു. 10 മൈക്രോ ഓൻട്രപ്രണർഷിപ്പ് യൂണിറ്റുകൾ ആരംഭിച്ചതും തൊഴിലുറപ്പ് പദ്ധതി വഴി 48,482 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതും പുരസ്കാര നിർണ്ണയത്തിൽ നിർണ്ണായകമായി.
