ഇരിട്ടി ടൗണിലെ ഇലക്ട്രോണിക്സ് കടയിൽ വൻ മോഷണം. ഐഫോണുകൾ ഉൾപ്പെടെ 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് കവർച്ച ചെയ്യപ്പെട്ടത്. പയഞ്ചേരിമുക്കിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച പുലർച്ചെ 2.30 നും 3.30 നും ഇടയിലാണ് മോഷണം നടന്നത്. രാവിലെ ഒമ്പത് മണിയോടെ ജീവനക്കാർ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടർ പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരിട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കടയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മൂന്ന് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ രണ്ടുപേർ മുഖംമൂടി ധരിച്ചിരുന്നു. കടയുടെ മുൻവശത്തെ ഷട്ടറിന്റെ നടുഭാഗം തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് പണം സൂക്ഷിക്കുന്ന കൗണ്ടറിലും തൊട്ടടുത്ത മൊബൈൽ കൗണ്ടറിലും എത്തി വിലകൂടിയ ഫോണുകൾ കവരുകയായിരുന്നു. ഒരു ലക്ഷം രൂപയോളം വിലവരുന്ന ഐഫോണുകളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. കടയ്ക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ പരസ്യ കമാനം മറയാക്കിയാണ് മോഷ്ടാക്കൾ ഷട്ടർ തകർത്തതെന്നാണ് സംശയിക്കുന്നത്.
സംഭവസ്ഥലത്തുനിന്നും മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് നായ ഈ ബാഗ് മണംപിടിച്ച് സമീപത്തെ തവക്കൽ കോംപ്ലക്സ് വരെ ഓടിയെങ്കിലും പിന്നീട് തിരിച്ചുവന്നു. മോഷണത്തിന് ശേഷം പ്രതികൾ ഇരിട്ടി ടൗൺ ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടി ഡിവൈഎസ്പി പി. രാജേഷ്, സിഐ വി. സിജിത്ത്, എസ്ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
