മട്ടന്നൂർ :കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വരവോടെ മട്ടന്നൂർ നഗരത്തിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. വിമാനത്താവള പ്രവർത്തനങ്ങൾ വിപുലമായതോടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് നഗരത്തിലൂടെ കടന്നുപോകുന്നത്. നിലവിലെ ട്രാഫിക് സംവിധാനങ്ങളുടെ അപര്യാപ്തത കാരണം മണിക്കൂറുകളോളം യാത്രക്കാർ ബ്ലോക്കിൽ കുടുങ്ങുന്ന അവസ്ഥയായിരുന്നു. ഇതിനെതിരെ ജനവികാരം ശക്തമായതോടെയാണ് നഗരസഭ മുൻകൈയെടുത്ത് പോലീസ്, ഡ്രൈവർമാർ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേർത്തത്.
യോഗ തീരുമാനപ്രകാരം കഴിഞ്ഞ മെയ് 15 മുതൽ നഗരത്തിൽ ട്രയൽ അടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ വിജയവും ന്യൂനതകളും വിലയിരുത്താൻ കഴിഞ്ഞ ദിവസം വീണ്ടും ചേർന്ന സർവകക്ഷി യോഗത്തിലാണ് പുതിയ മാറ്റങ്ങളോടെ ഗതാഗത പരിഷ്കാരം പൂർണ്ണമായി നടപ്പാക്കാൻ തീരുമാനിച്ചത്.
പുതിയ ക്രമീകരണങ്ങൾ അനുസരിച്ച് ഇരിട്ടി ഭാഗത്തുനിന്ന് വന്ന് ഇരിക്കൂർ ഭാഗത്തേക്ക് പോകേണ്ട എല്ലാ ചെറുകിട വാഹനങ്ങളും നാളെ മുതൽ മിനി ബൈപ്പാസ് റോഡ് വഴി ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കണം. ബസ് സ്റ്റാൻഡിന് പുറകിലൂടെ കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ചെറുകിട വാഹനങ്ങൾ മുനിസിപ്പൽ മത്സ്യ മാർക്കറ്റ് വഴിയാണ് കണ്ണൂർ റോഡിലേക്ക് പ്രവേശിക്കേണ്ടത്. കണ്ണൂർ റോഡിൽ നിന്നും ഇരിക്കൂർ റോഡിലേക്ക് ചെറുകിട വാഹനങ്ങൾ പ്രവേശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ ഈ ഭാഗങ്ങളിൽ പ്രത്യേക ക്യാമറകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
നഗരത്തിലെ നിലവിലുള്ള സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകൾ വാഹന ഉടമകൾ കൃത്യമായി ഉപയോഗിക്കണം. ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ഇരിട്ടി റോഡ്, മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ വ്യാപാരികൾ, ഇരിട്ടി റോഡിലെ ഗുഡ്സ് സർവീസുകാർ, ഗവൺമെന്റ് ആശുപത്രി റോഡിലെ ആംബുലൻസ് ഡ്രൈവർമാർ എന്നിവരുടെ പ്രത്യേക യോഗം വരും ദിവസങ്ങളിൽ വിളിച്ചുചേർക്കും. നഗരത്തിൽ ചരക്ക് കയറ്റിറക്ക് നടത്തുന്ന സമയം പുനഃപരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ മറ്റ് നിയന്ത്രണങ്ങൾ തുടരുമെന്നും ജൂൺ 15-ഓടെ പൂർണ്ണതോതിലുള്ള പരിഷ്കാരങ്ങൾ മട്ടന്നൂരിൽ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
