ചെറുവാഞ്ചേരി: പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന വെളുമ്പത്ത് പ്രദേശത്ത് ജനവാസ മേഖലയിൽ ആനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി. ഇന്നലെ രാത്രിയാണ് പ്രദേശത്ത് ആനയിറങ്ങിയത്.
മേഖലയിലെ കർഷകരായ മുല്ലോളി ശ്രീധരന്റെ പച്ചക്കറിത്തോട്ടവും സുരേഷിന്റെ വാഴകളും ആന ചവിട്ടിനശിപ്പിച്ചു. വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടായിട്ടുള്ളത്.
വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ, ബ്ലോക്ക് മെമ്പർ എൻ.വി. ഷിനിജ എന്നിവർ ഉൾപ്പെടുന്ന ജനപ്രതിനിധി സംഘം ഇന്ന് സ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തിയ സംഘം കർഷകർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
പ്രദേശത്ത് വന്യമൃഗ ശല്യം തടയുന്നതിനായി വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
