Zygo-Ad

പുസ്തക വായനയിൽ ഗോൾഡൻ ചലഞ്ച് വിജയം: സമ്മാനമായി ലഭിച്ച വിമാനയാത്രയുടെ ആവേശത്തിൽ ഏഴാം ക്ലാസുകാരി ആരാധ്യ

 


കൂത്തുപറമ്പ്: പുസ്തക വായനയിലൂടെ അറിവിന്റെ ലോകം കീഴടക്കി, ഓണാവധിക്കാലത്ത് വിമാനയാത്ര നടത്താനുള്ള ഒരുക്കത്തിലാണ് വട്ടിപ്രം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ കെ ഷൈജു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വായനാ ചലഞ്ചിൽ പങ്കെടുത്ത് 'ഗോൾഡൻ ചലഞ്ച്' വിജയിയായതോടെയാണ് ആരാധ്യയ്ക്ക് ഈ അപൂർവ്വ സമ്മാനം ലഭിച്ചത്. 'മനസ്സ് നിറയെ വായിക്കാം വിമാനത്തിൽ പറക്കാം' എന്ന പരിപാടിയിൽ മികച്ച പ്രകടനമാണ് ഈ കൊച്ചു വായനക്കാരി കാഴ്ചവെച്ചത്.

മാങ്ങാട്ടിടം മാണിക്കോത്ത് വയൽ യുവജന വായനശാലയിലെ അംഗമായ ആരാധ്യ മൂന്നാം ക്ലാസ് മുതൽ വായനയുടെ ലോകത്തുണ്ട്. വായനാ ചലഞ്ചിന്റെ ഭാഗമായി ഏപ്രിൽ 19 മുതൽ മെയ് 31 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 79 പുസ്തകങ്ങളിലായി 7814 പേജുകളാണ് ആരാധ്യ വായിച്ചുതീർത്തത്. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളും ഇഷ്ടപ്പെട്ട വരികളും ഡയറിയിൽ പ്രത്യേകം രേഖപ്പെടുത്തിവെക്കുന്ന ശീലവും ഈ മിടുക്കിക്കുണ്ട്.

വൈക്കം മുഹമ്മദ് ബഷീറാണ് ആരാധ്യയുടെ പ്രിയ എഴുത്തുകാരൻ. ബഷീറിന്റെ 'വിശപ്പ്', 'സ്ഥലത്തെ പ്രധാന ദിവ്യൻ' എന്നിവയാണ് ഏറെ ഇഷ്ടപ്പെട്ട കൃതികൾ. കവികളിൽ ഉള്ളൂരും കുമാരനാശാനുമാണ് പ്രിയപ്പെട്ടവർ. വായനക്കാരി മാത്രമല്ല, നല്ലൊരു എഴുത്തുകാരി കൂടിയാണ് ആരാധ്യ. 'ജീവിത വഴികൾ', 'ലിപികളുടെ ധ്യാനം', 'മാവിൻ കൊമ്പത്ത് ഒരു കിളിക്കൂട്' തുടങ്ങി 13 കവിതകളും നിരവധി അനുഭവക്കുറിപ്പുകളും ഇതിനകം ഈ കൊച്ചുമിടുക്കി രചിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ മാണിക്കോത്ത് വയലിലെ വൃന്ദാവനത്തിൽ സി.കെ. ഷൈജുവിന്റെയും ശ്രുതിയുടെയും മകളാണ്. അഷ്വിക് ഷൈജു സഹോദരനാണ്.


വളരെ പുതിയ വളരെ പഴയ