പിണറായി: നാലുവർഷമായി തരിശായി കിടന്ന വേങ്ങാട് പഞ്ചായത്തിലെ ഊർപ്പള്ളി പാടശേഖരം വീണ്ടും നെൽകൃഷിയിലേക്ക് മടങ്ങുന്നു. കർഷകരുടെ കൂട്ടായ്മയും തദ്ദേശ സ്ഥാപനത്തിന്റെ പിന്തുണയും കൈകോർത്തതോടെയാണ് ഊർപ്പള്ളി-കുരിയോട് വയലിൽ വീണ്ടും കൃഷിയുടെ പച്ചപ്പ് മടങ്ങിയെത്തുന്നത്.
പത്ത് ഏക്കറിൽ നെൽകൃഷി ആരംഭിച്ചു
പഞ്ചായത്തിന്റെ തരിശ് നെൽകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്രദേഴ്‌സ് സ്വയംസഹായ സംഘം ഊർപ്പള്ളിയുടെ സഹകരണത്തോടെ പത്ത് ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചത്. വർഷങ്ങളായി കൃഷിയിറങ്ങാതിരുന്ന വയലിൽ ഞാറുനടീൽ ചടങ്ങ് പ്രദേശവാസികൾക്ക് വലിയ പ്രതീക്ഷയാണ് പകരുന്നത്. ഞാറുനടീൽ ഉത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗം സി.പി. രജീഷ് അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി കെ. രാജേഷ് സ്വാഗതം ആശംസിച്ചു.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം
ചടങ്ങിൽ കൃഷി ഓഫീസർ കെ. വിനീത, സീനിയർ കൃഷി അസിസ്റ്റന്റ് കെ. അജേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി. പത്മനാഭൻ, കെ. പ്രസാദ്, കെ.പി. ഖദീജ, സി.പി. തംസീറ, പി. ഷീന, എം. രമ, എ. രാമകൃഷ്ണൻ, കെ. മോഹനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, പി. പവിത്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. തരിശുഭൂമികളെ ഉൽപ്പാദനക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പ്രാദേശിക ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കാനും കൂടുതൽ കർഷകരെ നെൽകൃഷിയിലേക്ക് ആകർഷിക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
