അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള താഴെക്കാവിൻമൂല കനാലിൽ കക്കൂസ് മാലിന്യം തള്ളിയ കുറ്റവാളികളെ കണ്ടെത്തി അര ലക്ഷം രൂപ പിഴ ഈടാക്കി. കഴിഞ്ഞ മാസം പതിനെട്ടാം തീയതി പുലർച്ചെ രണ്ട് മണിയോടെയാണ് ജനവാസ കേന്ദ്രമായ കാവിൻമൂല കനാലിലേക്ക് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്.
ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ പ്രതികൾ തന്ത്രപരമായ നീക്കം നടത്തിയിരുന്നു. ടാങ്കർ ലോറിക്ക് മുന്നോടിയായി ബൈക്കിലെത്തിയ രണ്ട് പേർ സിസിടിവി ക്യാമറ താഴേക്ക് തിരിച്ചു വെച്ച ശേഷമാണ് മാലിന്യം തള്ളിയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മുഹമ്മദ് അജ്മൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് മാലിന്യം തള്ളാൻ ഉപയോഗിച്ചതെന്ന് കണ്ടെത്തി. ബൈക്കിലെത്തി സിസിടിവി ക്യാമറയുടെ ദിശ മാറ്റിവെച്ചത് തയ്യിൽ സ്വദേശികളാണെന്നും പോലീസ് തിരിച്ചറിഞ്ഞു. വാഹനവും കുറ്റകൃത്യത്തിൽ പങ്കെടുത്തവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ജലാശയത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിനുള്ള പരമാവധി പിഴത്തുകയായ അൻപതിനായിരം രൂപ ഗ്രാമപഞ്ചായത്തിൽ അടപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. മുൻപും കാവിൻമൂല പ്രദേശത്ത് സമാനമായ രീതിയിൽ മാലിന്യം തള്ളിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘകർക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം.
