മട്ടന്നൂർ :കണ്ണൂർ ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന കടുത്ത വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് വി കെ സനോജ് എംഎൽഎ കണ്ണൂർ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
ഇരിട്ടി മട്ടന്നൂർ കെഎസ്ടിപി റോഡിൽ കൂരൻമുക്കിൽ ജൂലൈ ഒന്നിനുണ്ടായ ബസ് അപകടത്തിൽ മട്ടന്നൂർ മണ്ഡലത്തിലെ കൊളാരി സ്വദേശികളായ അച്ഛനും മകനുമാണ് മരണപ്പെട്ടത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച അർധരാത്രി മേലെ ചൊവ്വ - മട്ടന്നൂർ റോഡിൽ കുംഭത്ത് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാല് ജീവനുകൾ കൂടിയാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ചയ്ക്കകം ആറ് പേരാണ് ഈ മേഖലയിൽ മാത്രം മരണമടഞ്ഞത്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും ഇതിൽ പലതും പ്രവർത്തനരഹിതമാണെന്നാണ് അറിയാൻ സാധിക്കുന്നത്.
ജില്ലയിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന ഹോട്ട് സ്പോട്ടുകൾ അടിയന്തിരമായി കണ്ടെത്തി അവിടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം. കൂടാതെ വാഹനങ്ങളുടെ അമിതവേഗത പരിശോധിക്കുന്നതിന് ആവശ്യമായ ക്യാമറകൾ സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്. മഴക്കാലമായതിനാൽ റോഡുകളിൽ അപകടസാധ്യത ഇനിയും വർധിക്കാൻ ഇടയുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത്, ഇനി റോഡിൽ മനുഷ്യജീവനുകൾ പൊലിയാതിരിക്കാൻ കളക്ടർ അടിയന്തിരമായി യോഗം വിളിച്ച് ആവശ്യമായ പ്രതിരോധ നടപടിfകൾ സ്വീകരിക്കണമെന്ന് എംഎൽഎ കത്തിലൂടെ ആവശ്യപ്പെട്ടു.
