ചെറുവാഞ്ചേരി: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ “ചിരിയും ചിന്തയും — ബഷീർ കഥകളിൽ” എന്ന വിഷയത്തിൽ പാട്യം ഗോപാലൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരൻ ശംസീർ ചാത്തോത്ത് വിദ്യാർത്ഥികളുമായി സംവദിച്ചു. ബഷീർ കഥകളിലെ നർമ്മവും അതിലൂടെയുള്ള സാമൂഹിക വിമർശനവും ലളിതമായ ഭാഷയിൽ വിശദീകരിച്ച അദ്ദേഹം, ബഷീറിന്റെ രചനകൾ വിദ്യാർത്ഥികളിൽ ചിന്താശേഷിയും മാനവിക ബോധവും വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായി അഭിപ്രായപ്പെട്ടു.
പി ടി എ പ്രസിഡന്റ് കെ. കെ. സമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ജെ. ജിതേഷ്, പ്രിൻസിപ്പാൾ കെ. ഷാജഹാൻ, സ്റ്റാഫ് സെക്രട്ടറി കെ. രോഷിമ, കെ. കെ. ഷഫീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി ബഷീർ അനുസ്മരണം, ബഷീർ ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു. പരിപാടികളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
