Zygo-Ad

ഉന്നതതലയോഗത്തിൽ തീരുമാനം: സ്പോർട്സ് കോംപ്ലക്സ്, കോളയാട് ഇൻഡോർ സ്റ്റേഡിയം നിർമാണം വേഗത്തിലാക്കും

 


മട്ടന്നൂർ: മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സിന്റെയും കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെയും തടസ്സങ്ങൾ നീക്കി നിർമാണം വേഗത്തിലാക്കാൻ തീരുമാനം. വി.കെ. സനോജ് എം.എൽ.എയുടെ കത്തിൻറെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായത്.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മട്ടന്നൂർ സ്പോർട്‌സ് കോംപ്ലക്സ് നിർമാണത്തിന് 24.10 കോടി രൂപയുടെ ഭരണാനുമതിയും കിഫ്ബിയിൽനിന്ന് ധനകാര്യ അനുമതിയും ലഭിച്ചിരുന്നു. കരാറുകാരൻ ഏറ്റെടുത്ത് നിർമാണം ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പ്രവൃത്തികൾ തടസ്സപ്പെടുകയായിരുന്നു. എത്രയും വേഗം നിർമാണം പുനരാരംഭിക്കാൻ നിർവഹണ ഏജൻസിയായ സ്പോർട്‌സ് കേരള ഫൗണ്ടേഷനോട് എം.എൽ.എ ആവശ്യപ്പെട്ടു. പഴശ്ശി ഇറിഗേഷൻ വകുപ്പ് നൽകിയ സ്ഥലത്താണ് സ്പോർട്‌സ് കോംപ്ലക്സ് നിർമിക്കുന്നത്. നിർമാണം തുടങ്ങുന്നതിന് മുന്നോടിയായി സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റും.

കോളയാട് പഞ്ചായത്തിൽ 4.932 കോടി രൂപയുടെ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തിയും പുനരാരംഭിക്കും. നേരത്തെ നിർവഹണ ഏജൻസിയായിരുന്ന കിറ്റ്കോയുടെ കരാറുകാരൻ മരണപ്പെട്ടതിനെ തുടർന്ന് കോടതിയിൽ കേസ് വന്നതിനാലാണ് നിർമാണം നിലച്ചത്. പുതിയ നിർവഹണ ഏജൻസിയായി സ്പോർട്‌സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തും. 6.08 കോടി രൂപയുടെ പുതുക്കിയ ധനകാര്യ അനുമതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. സെപ്‌തംബറോടെ ബാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ വി.കെ. സനോജ് എം.എൽ.എയ്ക്ക് പുറമേ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രഹ്ലാദൻ, മട്ടന്നൂർ നഗരസഭ സ്ഥിരം സമിതി ചെയർമാൻ പി. ശ്രീനാഥ്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് മിനി ആന്റണി, കിഫ്ബി ടെക്നിക്കൽ ഉദ്യോഗസ്ഥർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, കിറ്റ്കോ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ