Zygo-Ad

സംസ്ഥാന താങ്താ ചാമ്പ്യൻഷിപ്പ്; കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിന് തിളക്കമാർന്ന വിജയം

 


മട്ടന്നൂർ: മട്ടന്നൂർ കൊക്കയിലെ സ്റ്റേ ആൻഡ് പ്ലേ ടെന്നീസ് കോർട്ടിൽ വെച്ച് നടന്ന സംസ്ഥാന താങ്താ ചാമ്പ്യൻഷിപ്പിൽ കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിന് മികച്ച വിജയം. മണിപ്പൂരിന്റെ പരമ്പരാഗത ആയോധനകലയായ താങ്താ മത്സരത്തിൽ കാടാച്ചിറ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ പരിശീലിച്ച കുട്ടികളാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്.

മത്സരത്തിൽ ജ്യോതിസ് കളരി സംഘത്തിലെ ശ്രീജിത്ത് സി (70 കിലോഗ്രാം വിഭാഗം), അലൻ തിലക് (80 കിലോഗ്രാം വിഭാഗം), അദിൻ സി (75 കിലോഗ്രാം വിഭാഗം), അനുരാഗ് പി (68 കിലോഗ്രാം വിഭാഗം), ചന്ദന കെ (70 കിലോഗ്രാം വിഭാഗം) എന്നിവർ സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. ആർദ്ര അനീഷ്, അഭിനന്ദ് പി, ദേവയാൻ ശ്രീജിത്ത്, ദേവന ശ്രീജിത്ത്, ആദിൻ സി എന്നിവർ വെള്ളി മെഡലുകളും നേടി.

സംസ്ഥാന സെക്രട്ടറി മാസ്റ്റർ ജീവരാജ് പി കെ, വാസതിലകൻ, പുരുഷോത്തമൻ എ കെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മത്സരത്തിൽ ആലപ്പുഴ ഒന്നാം സ്ഥാനവും, കോഴിക്കോട് രണ്ടാം സ്ഥാനവും, കണ്ണൂർ മൂന്നാം സ്ഥാനവും, തൃശ്ശൂർ നാലാം സ്ഥാനവും നേടി ഓവർറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇതിൽ കണ്ണൂർ ജില്ലയ്ക്ക് ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊടുത്തത് ജ്യോതിസ് കളരി സംഘമാണ്.

മുൻ വർഷങ്ങളിലും മികച്ച നേട്ടങ്ങളാണ് ഈ കളരി സംഘം സ്വന്തമാക്കിയിട്ടുള്ളത്. 2022ൽ ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ താങ്താ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊടുത്തത് ജ്യോതിസ് കളരി സംഘമായിരുന്നു. 2018ന് ശേഷം ബാംഗ്ലൂർ, ന്യൂഡൽഹി, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വെച്ച് നടന്ന വിവിധ ദേശീയ കളരി, താങ്താ മത്സരങ്ങളിൽ കേരളത്തിനായി നിരവധി മെഡലുകൾ നേടാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ