Zygo-Ad

മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ മാടശ്ശേരി മലയിൽ അത്യാധുനിക സംവിധാനം വരുന്നു

 


കാണിച്ചാർ : സംസ്ഥാനത്ത് ആദ്യമായി മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി കൃത്യമായ മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക സംവിധാനം ഒരുങ്ങുന്നു. കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മാടശ്ശേരി മലയിലാണ് ഈ പുതിയ സംവിധാനം സ്ഥാപിക്കുന്നത്. 2022 ൽ മുപ്പത്തിനാലോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായ അതീവ ജാഗ്രതാ പ്രദേശമാണ് കണിച്ചാർ ഗ്രാമപഞ്ചായത്ത്.

മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് പ്രത്യേകതകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വിശകലനം ചെയ്താണ് ഈ സംവിധാനം മണ്ണിടിച്ചിൽ സാധ്യത പ്രവചിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഓഗ്സെൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ സഹകരണത്തോടെ ഈ വർഷം ജനുവരിയിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ഇവിടെ സ്ഥാപിച്ചിരുന്നു. തുടർന്ന് നടക്കുന്ന മണ്ണ് പരിശോധനകൾക്ക് ശേഷം, മലയുടെ മുകളിൽ നിന്നും താഴോട്ട് എട്ട് വ്യത്യസ്ത പോയിന്റുകളിലായി 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിയെടുത്ത് പ്രത്യേക സെൻസറുകൾ സ്ഥാപിക്കും. ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തിലാണ് ഈ സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുക.

മാടശ്ശേരി മലയിൽ സ്ഥാപിക്കുന്ന ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സമാനമായ മൺഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും മുൻകൂട്ടി വിലയിരുത്താനാകും. നിലവിൽ ഇവിടെ നിന്നും കാലാവസ്ഥാ പ്രവചനത്തിനുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സെൻസറുകൾ കൂടി സ്ഥാപിക്കുന്നതോടെ ഏകീകൃത പോർട്ടൽ സംവിധാനം വഴി മഴയുടെ വിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പുകളും ശാസ്ത്രീയമായ രീതിയിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന ഈ പദ്ധതി വിജയകരമായാൽ വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

 

വളരെ പുതിയ വളരെ പഴയ