Zygo-Ad

മട്ടന്നൂർ കല്ലേരിക്കര പാലത്തിലൂടെയുള്ള യാത്ര ദുരിതമാകുന്നു


 ​മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മട്ടന്നൂർ കല്ലേരിക്കര കനാൽ പാലത്തിലൂടെയുള്ള യാത്ര ദുരിതമാകുന്നു. തലശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് മട്ടന്നൂർ ടൗണിലെ ഗതാഗത കുരുക്കിൽ പെടാതെ വിമാനത്താവള ഭാഗത്തേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന പ്രധാന പാതയിലുള്ള ഈ പാലം നിലവിൽ അതീവ അപകടാവസ്ഥയിലാണ്.

​അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇടുങ്ങിയ കനാൽ പാലത്തിലൂടെ നിലവിൽ ഒരു സമയം ഒരു വാഹനത്തിന് മാത്രമാണ് കടന്നുപോകാൻ സാധിക്കുന്നത്. വലിയ വാഹനങ്ങൾക്ക് ഇതുവഴിയുള്ള യാത്ര സാധ്യമല്ലാത്ത സ്ഥിതിയാണ്. പാലത്തിന്റെ കൈവരികൾ തകർന്നു കിടക്കുന്നതിനാൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൈവരിയിൽ ഉരസിയാണ് കടന്നുപോകുന്നത്. പാലത്തിനടുത്ത് എത്തുമ്പോഴാണ് പലപ്പോഴും അപകടാവസ്ഥ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നത്. ഇത് പതിവായി അപകടങ്ങൾക്കും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകുന്നു. കൂടാതെ റോഡിന്റെ ഇരുവശങ്ങളും കാടുകയറി മൂടിയ അവസ്ഥയിലാണ്.

​പാലം വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ബൈപ്പാസ് റോഡ് പദ്ധതികൾ ചർച്ചയായെങ്കിലും നിലവിലുള്ള കല്ലേരിക്കര കനാൽ പാലം പുനർനിർമിക്കാനോ നവീകരിക്കാനോ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പാലം വീതികൂട്ടി കൈവരി നിർമ്മിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം

വളരെ പുതിയ വളരെ പഴയ