ഇരിട്ടി: ഇരിട്ടി മാടത്തിയിൽ മത്സ്യം കയറ്റിവന്ന പിക്കപ്പ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മാടത്തി അത്തിക്കൽ ഹൗസിൽ ബാലൻ (64) ആണ് മരിച്ചത്. മാടത്തി സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
മാടത്തി ടൗണിലൂടെ നടന്നുപോകുകയായിരുന്ന ബാലന്റെ ദേഹത്തേക്ക് കർണാടകയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി റോഡിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബാലൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ലോറിയിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇരിട്ടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
