Zygo-Ad

മാങ്ങാട്ടിടം പഞ്ചായത്തിനെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു: വ്ലോഗർക്കെതിരെ നിയമനടപടിക്കൊരുങ്ങി പഞ്ചായത്ത്


മാങ്ങാട്ടിടം:മാങ്ങാട്ടിടം പഞ്ചായത്തിനെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശ്രീനി ആലക്കോട് പ്രചരിപ്പിച്ച വീഡിയോയിലെ ആരോപണങ്ങൾ വസ്തുതാപരമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സന്ധ്യാലക്ഷ്മി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വീഡിയോയിൽ പരാമർശിക്കുന്ന സ്ഥലം രണ്ട് സ്വകാര്യ വ്യക്തികളുടെ വയലുകളെ വേർതിരിക്കുന്ന വരമ്പാണ്. മഴക്കാലത്ത് അതിനോടനുബന്ധിച്ചുള്ള നീർച്ചാലുകളിലൂടെ ശക്തമായ നീരൊഴുക്ക് ഉണ്ടാകാറുണ്ട്. പ്രസ്തുത വരമ്പ് പൊതുവഴിയല്ല. സമീപത്തെ ഒന്നോ രണ്ടോ കുടുംബങ്ങൾ സൗകര്യാർഥം ഉപയോഗിക്കുന്ന എളുപ്പവഴി മാത്രമാണിത്. ഇവർക്ക് വീടുകളിലേക്ക് എത്തിച്ചേരാൻ വാഹനങ്ങൾ സഞ്ചരിക്കുന്ന മറ്റൊരു റോഡ് സൗകര്യമുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ഈ വസ്തുതകൾ മറച്ചുവെച്ചാണ് പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. പ്രസ്തുത ഭാഗം പൊതുവഴിയാക്കണമെന്ന് ആവശ്യപ്പെട്ട് ആരും പരാതി നൽകിയിട്ടില്ല. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്ത് വികസന പ്രവർത്തനം നടത്തണമെന്ന ആവശ്യം യുക്തിരഹിതമാണെന്നും പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിന്റെ പ്രതിച്ഛായ തകർക്കുക എന്ന ഉദ്ദേശത്തോടെ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച വ്ലോഗർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് കെ സന്ധ്യാലക്ഷ്മി അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ