Zygo-Ad

ഹോക്കിയിൽ വീണ്ടും പാതിരിയാട് വിപ്ലവം: സംസ്ഥാന ടീമിലേക്ക് 9 താരങ്ങൾ, നേട്ടങ്ങളുടെ തിളക്കത്തിൽ ഗ്രാമം

 




കണ്ണൂർ :സംസ്ഥാന ജൂനിയർ, സബ് ജൂനിയർ ഹോക്കി ടീമുകളിലേക്ക് 9 താരങ്ങളെ തെരഞ്ഞെടുക്കപ്പെട്ട്  പാതിരിയാട് ഹോക്കി ഗ്രാമം വീണ്ടും അഭിമാനനേട്ടം കൈവരിച്ചു. ആരാധ്യ, ഷാനിയ, അൻസിക , സന്മയ, ആദ്യ, അൻവിത, തൻവത് കൃഷ്ണ, അഹൽ, മിതു ലാൽ എന്നിവരാണ് ഇക്കുറി സംസ്ഥാന ടീമിൽ ഇടം നേടിയത്. പതിറ്റാണ്ടുകളായി സംസ്ഥാന ഹോക്കിയിൽ ആധിപത്യം പുലർത്തുന്ന പാതിരിയാട്ടെ കായികതാരങ്ങൾ കോട്ടയം രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിലൂടെയാണ് പരിശീലനം നടത്തുന്നത്.

അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും, കൊല്ലത്ത് നടന്ന ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ടീം കരസ്ഥമാക്കി. കൂടാതെ, നെതർലാൻഡിൽ സമാപിച്ച മാസ്റ്റേഴ്സ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് മികച്ച പ്രകടനം കാഴ്ചവെച്ച കെ. നിയാസും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.


സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരങ്ങളെയും റണ്ണേഴ്സ് അപ്പായ ടീമിനെയും പാതിരിയാട് ഹോക്കി അക്കാദമിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം കേരള ഹോക്കി അസോസിയേഷൻ ജനറൽ സെക്രട്ടറിയും മുൻ ഇന്ത്യൻ താരവുമായ കെ. നിയാസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി സായി സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ടി. സി. മനോജ് മുഖ്യാതിഥിയായിരുന്നു. അക്കാദമി പ്രസിഡന്റ് കെ. ശ്രീധരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ. വിനീതൻ മാസ്റ്റർ, കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി ഗോകുൽദാസ്, വാർഡ് മെമ്പർ കെ. മോഹനൻ, സ്കൂൾ മാനേജർ കെ. വി. കരുണാകരൻ, പി. മോഹനൻ, എ. നിഷാന്ത്, മിഥുൻ, ഒ. ടി. പ്രമോദ് മാസ്റ്റർ, പി. ശ്യാം എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ