മട്ടന്നൂർ: നിലവിലുണ്ടായിരുന്ന ഡോക്ടറെയും ഫാർമസിസ്റ്റിനെയും സ്ഥലം മാറ്റിയതിനെ തുടർന്ന് ജീവനക്കാരില്ലാതായതോടെ കീച്ചേരി ആയുർവേദ ആശുപത്രി സബ് സെന്റർ പൂട്ടി. 2021-ലാണ് കേരളത്തിലെ ഏക ആയുർവേദ സായാഹ്ന പരിശോധന കേന്ദ്രമായി കീച്ചേരിയിലെ ഈ സബ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ദിവസവും നിരവധി രോഗികളാണ് വൈകുന്നേരങ്ങളിൽ ഇവിടെ ഒ. പി. യിൽ ചികിത്സ തേടിയെത്തിയിരുന്നത്.
സായാഹ്ന ഒ. പി. യിലേക്ക് അടിയന്തരമായി പുതിയ ജീവനക്കാരെ നിയമിച്ച് കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് കളക്ടർ, ഡി. എം. ഒ., ഡി. പി. എം. എന്നിവർക്ക് കത്ത് നൽകി. പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്ന ഒ. പി. അടച്ചുപൂട്ടിയ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. മജീദ് അറിയിച്ചു.
