Zygo-Ad

മട്ടന്നൂരിൽ വ്യാജസ്വർണം പണയംവെച്ച് തട്ടിപ്പ്: സംഘത്തലവനും കൂട്ടാളികളും പിടിയിൽ


മട്ടന്നൂർ: വ്യാജസ്വർണം പണയംവെച്ച് പണം തട്ടുന്ന സംഘങ്ങൾക്ക് സ്വർണം നിർമ്മിച്ച് നൽകുന്ന സംഘത്തിലെ തലവനെയും വ്യാജസ്വർണം പണയം വെക്കാൻ ശ്രമിച്ച മറ്റ് രണ്ടുപേരെയും പോലീസ് പിടിയിലായി. പെരുവളത്തുപറമ്പ് സ്വദേശി കെ.പി. നവാസ് (49), ഉളിക്കലിലെ നിധിൻ (30), കൂടാളിയിലെ വിഷ്ണു (32) എന്നിവരാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.എസ്.പി. സിബി ടോമിന്റെയും ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെയും നേതൃത്വത്തിലുള്ള മട്ടന്നൂർ പോലീസും കൂത്തുപറമ്പ് എ.എസ്.പി. സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ചാലോടുള്ള മട്ടന്നൂർ അർബൻ സൊസൈറ്റിയിൽ വ്യാജസ്വർണം പണയം വെക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിധിനെയും വിഷ്ണൂവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് അധികൃതർ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സംശയം തോന്നിയ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്ത് നടത്തിയ തുടരന്വേഷണത്തിലാണ് കേസിലെ മുഖ്യപ്രതിയായ നവാസിനെ പെരുവളത്തുപറമ്പിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയായ നവാസിന് ബാംഗ്ലൂരിൽ നിന്നാണ് വ്യാജ സ്വർണ്ണം ലഭിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒൻപതു വളകൾ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ വ്യാജ സ്വർണം വിൽക്കുന്ന കണ്ണികളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്തർസംസ്ഥാന ബന്ധങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.

നവാസിന്റെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കുകയാണ്. ബാങ്ക് ഇടപാടുകളും മൊബൈൽ കോൺടാക്റ്റുകളും കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. വ്യാജസ്വർണ നിർമ്മാണത്തിൽ കൂടുതൽ സ്വർണം തന്നെ ഉപയോഗിക്കുന്നതിനാൽ വ്യാജമാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണെന്ന് പോലീസ് വ്യക്തമാക്കി.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഫൈറൂസ്, അനുശ്രുതി, പ്രകാശൻ, റാംമോഹൻ, മിനീഷ് കുമാർ, അഞ്ജു തങ്കച്ചൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിനിൽ, വിജേഷ്, ദീപേഷ്, സുധീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അമൽ, വിഷ്ണു, മിഥുൻ, അനീസ്, സന്ദീപ്, പ്രജീഷ്, വിഷ്ണു, അമൽ, ദീപക് എന്നിവരും ഉണ്ടായിരുന്നു.


വളരെ പുതിയ വളരെ പഴയ