ശങ്കരനെല്ലൂർ: കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരണമടഞ്ഞ സായന്ത് രാജിന് കണ്ണീരോടെ നാട് വിട നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സി.ഐ.ടി.യു (CITU) സംസ്ഥാന സെക്രട്ടറിയുമായ ഒ.സി. ബിന്ദുവിന്റെ മകനാണ് സായന്ത് രാജ്.
ഡി.വൈ.എഫ്.ഐ (DYFI) യൂണിറ്റ് സെക്രട്ടറിയും നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സായന്തിനെ അവസാനമായി ഒരു നോക്ക് കാണാൻ സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് ശങ്കരനെല്ലൂരിലേക്ക് ഒഴുകിയെത്തിയത്.
പൊതുദർശനത്തിനിടെ പ്രിയകൂട്ടുകാരന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സുഹൃത്തുക്കളുടെ കരച്ചിൽ കണ്ടുനിന്നവർക്കും നോവായി മാറി.
ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും വീട്ടിലെത്തി സായന്തിന് അന്ത്യാഞ്ജലിയർപ്പിച്ചു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, എ.എൻ. ഷംസീർ, ടി.വി. രാജേഷ്, കാരായി രാജൻ, വി.കെ. സനോജ്, പി.കെ. പ്രവീൺ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, വൈസ് പ്രസിഡന്റ് ടി. ശബ്ന തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

