Zygo-Ad

മട്ടന്നൂർ ഗവ. സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം അടുത്ത വർഷം ആദ്യം; നിർമാണ പ്രവൃത്തി വിലയിരുത്തി.

മട്ടന്നൂർ:നിർമാണം പുരോഗമിക്കുന്ന മട്ടന്നൂർ ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം അടുത്ത വർഷം ആദ്യവാരത്തോടെ നടത്താൻ തീരുമാനിച്ചു. പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ വി. കെ. സനോജ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ നിർമാണ പ്രവൃത്തികളുടെ പകുതിയോളം പൂർത്തിയായിട്ടുണ്ട്.

ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനായി ആവശ്യമായ 82 ജീവനക്കാരുടെ നിയമനം സർക്കാരിന്റെ പരിഗണനയിലാണെന്ന് എം.എൽ.എ അറിയിച്ചു. ലിഫ്റ്റ് സ്ഥാപിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കും. ആശുപത്രിയിലേക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. തുടർനടപടികൾക്കായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതരുടെ യോഗം അടുത്ത ദിവസം തിരുവനന്തപുരത്ത് ചേരും.

ഈ വർഷം അവസാനത്തോടെ തന്നെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കി ജനുവരിയോടെ ആശുപത്രി നാടിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ പറഞ്ഞു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായതോടെ പ്രദേശത്ത് ആധുനിക ചികിത്സാ സൗകര്യങ്ങൾ ആവശ്യമായി വന്ന പശ്ചാത്തലത്തിലാണ് മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ ഇടപെടലിൽ സ്പെഷ്യാലിറ്റി ആശുപത്രി അനുവദിച്ചത്. 2019 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്. എന്നാൽ കരാർ കമ്പനി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഒരു വർഷത്തിലധികം പണികൾ മുടങ്ങി. തുടർന്ന് പുതിയ ടെൻഡർ വിളിച്ചാണ് ബംഗളൂരു ആസ്ഥാനമായ പുതിയ കമ്പനിക്ക് നിർമാണച്ചുമതല കൈമാറിയത്.

അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, ഡി.എം.ഒ ഡോ. വിവേക് കുമാർ, ഡി.പി.എം ഡോ. സി. അബുബക്കർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. പി. ബിജോയ്, കെ.എസ്.ഇ.ബി എക്സി. എഞ്ചിനീയർ പി. പ്രീജ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ. മജീദ്, മട്ടന്നൂർ ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പി. കെ. കാർത്യായനി, വാട്ടർ അതോറിറ്റി എ.ഇ. അശ്വിൻദേവ് തുടങ്ങിയവർ പങ്കെടുത്തു.




വളരെ പുതിയ വളരെ പഴയ