പഴശ്ശി : മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനെ തുടർന്ന് പഴശ്ശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ വർദ്ധിച്ചു. ഇതേത്തുടർന്ന് ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ 15 ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ 3.5 മീറ്റർ ഉയർത്തിയ ഷട്ടറുകൾ നാല് മീറ്ററായാണ് ക്രമാനുഗതമായി ഉയർത്തുന്നത്.
ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സാഹചര്യത്തിൽ ഡാം വൃഷ്ടി പ്രദേശങ്ങളായ പടിയൂർ, പായം, വയത്തൂർ, വിളമന, കീഴൂർ, ചാവശ്ശേരി എന്നിവിടങ്ങളിലും, വളപട്ടണം പുഴയുടെ തീരങ്ങളായ പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ ഭാഗങ്ങളിലും, ബാവലി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും അധികൃതരും അറിയിച്ചു.
