മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് മട്ടന്നൂർ നഗരസഭയിലെ മണ്ണൂരിൽ പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കെ. സുബൈദ, സി. പ്രേമ, ടി. ഉത്തമൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ സമീപത്തെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. ദുരിതബാധിതർക്ക് ആവശ്യമാണെങ്കിൽ മണ്ണൂർ മദ്രസയിൽ താമസസൗകര്യമൊരുക്കാമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ നഗരസഭയെ അറിയിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, വൈസ് ചെയർപേഴ്‌സൺ ഒ. പ്രീത, വാർഡ് കൗൺസിലർ പി. രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കെ.വി. ശ്രീജേഷ്, ഒ.കെ. പ്രസാദ് എന്നിവരും പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
