ആറളം: ആറളം പുനരധിവാസ മേഖലയിൽ ഭീതിവിതയ്ക്കുന്ന മോഴപ്പന്നിയെ (മോഴ) മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള 'ഓപ്പറേഷൻ കെ.എം-1'-ന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറളം പഞ്ചായത്തിലെ 6, 7 വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലുമാണ് ജില്ലാ കളക്ടർ ബി. എൻ. എസ്. സെക്ഷൻ 163 (1) പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
വന്യമൃഗത്തെ പിടികൂടാനുള്ള ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ പൊതുജനങ്ങൾ ഒത്തുചേരുന്നതിനോ കൂട്ടംകൂടി നിൽക്കുന്നതിനോ കർശന വിലക്കുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
