Zygo-Ad

മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്ക് ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട്: ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു


കണ്ണൂർ: കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര) മട്ടന്നൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്ത നടപടികളിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കണ്ണൂർ വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തു. പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളുടെ പരിധിയിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ പ്രവർത്തിച്ചിരുന്ന സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.

മുൻ സ്പെഷ്യൽ തഹസിൽദാർ വി ഇ ഷേർളി, സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടർ കെ ഷാജി, വാല്വേഷൻ അസിസ്റ്റന്റ് പി പ്രദീപ്കുമാർ, പട്ടാന്നൂർ വില്ലേജ് ഓഫീസർ പി പി സക്കീർ എന്നിവരാണ് കേസിലെ പ്രതികൾ.

നിയമപരമായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരുന്ന ഭൂമിക്ക് വൻതുക നഷ്ടപരിഹാരമായി അനുവദിക്കുകയും പ്രസ്തുത തുക കോടതിയിൽ കെട്ടിവെക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ സർക്കാർ നിയമാനുസൃതമായി ഏറ്റെടുത്ത ഭൂമിക്ക് സ്വകാര്യ വ്യക്തികളിൽ നിന്നും നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുകയും ഇതുവഴി അനർഹർക്ക് ഭൂമിയുടെ അവകാശം ലഭിക്കാൻ സാഹചര്യമൊരുക്കി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്തതായും ആരോപണമുണ്ട്.

2025 നവംബറിൽ കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് സമർപ്പിച്ച പരാതിയെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലും, പരാതിക്കാരൻ കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലെ ഉത്തരവ് പ്രകാരം പൂർത്തിയാക്കിയ പ്രാഥമിക അന്വേഷണത്തിലും ക്രമക്കേട് സ്ഥിരീകരിക്കുകയായിരുന്നു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ പി എസിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് കേസ് രജിസ്റ്റർ ചെയ്തു.

കണ്ണൂർ വിജിലൻസ് യൂണിറ്റിലെ പോലീസ് ഇൻസ്പെക്ടർ ബി എസ് ബാവിഷാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട് വിജിലൻസ് ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ മേൽനോട്ടം വഹിക്കും. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ സീറോ പ്രൊജക്ടിന്റെ ഭാഗമായി അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് വിജിലൻസ് അറിയിച്ചു. അഴിമതി വിവരങ്ങൾ അറിയിക്കാൻ 1064 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ