കുറ്റ്യാട്ടൂർ: മഹാരാഷ്ട്രയിലെ നാഗ്‌പൂരിലുണ്ടായ വാഹന അപകടത്തിൽ കുറ്റ്യാട്ടൂർ സ്വദേശിയായ യുവ എൻജിനീയർ മരിച്ചു. മാണിയൂർ തരിയേരിയിലെ പി.പി.കെ. ശ്യാം കൃഷ്ണൻ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
നാഗ്‌പൂർ ദത്താമേഖേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോ മെഡിക്കൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച പകൽ രണ്ടിന് ആശുപത്രി വളപ്പിൽ വെച്ചായിരുന്നു അപകടം. നിർമാണ പ്രവൃത്തികൾക്കായി സാധനങ്ങളുമായി എത്തിയ ലോറി നടന്നുപോകുകയായിരുന്ന ശ്യാം കൃഷ്ണനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകനും ഒറ്റപ്പാലം സ്വദേശിയുമായ ബയോ മെഡിക്കൽ എൻജിനീയർ കെ.പി. അമന് (26) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആറ് മാസം മുമ്പാണ് ശ്യാം കൃഷ്ണൻ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. പി.പി.കെ. ബാലകൃഷ്ണൻ - എൻ. ബീന ദമ്പതികളുടെ മകനാണ്. സഹോദരൻ: ശരത് കൃഷ്ണൻ. സംസ്‌കാരം ചൊവ്വാഴ്ച പകൽ ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.
