കൂത്തുപറമ്പ്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന ജീവനക്കാരുടെ സ്ഥലംമാറ്റത്തെ തുടർന്ന് മാങ്ങാട്ടിടം പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നു. നിലവിൽ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ക്ലർക്ക്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് എന്നീ സുപ്രധാന തസ്തികകളിൽ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടുപേർ മാത്രമാണുള്ളത്.
പഞ്ചായത്തിനകത്തും പുറത്തുനിന്നുമായി ദിവസേന നിരവധി രോഗികളാണ് ഈ കേന്ദ്രത്തെ ആശ്രയിക്കുന്നത്. മുൻപ് വൈകിട്ട് മൂന്ന് മണി വരെ പ്രവർത്തിച്ചിരുന്ന ഒപി, ഇപ്പോൾ ഉച്ചവരെ മാത്രമായി ചുരുങ്ങി. വൈകിട്ട് വരെയുള്ള ഒപി പുനരാരംഭിക്കാൻ അടിയന്തരമായി പുതിയ ഡോക്ടറെയും ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെയും നിയമിക്കണം.
ജീവനക്കാരുടെ അഭാവം കാരണം ആരോഗ്യ മേഖലയിലെ സിഎഫ്സി, ഹെൽത്ത് ഗ്രാന്റ് ഉൾപ്പെടെയുള്ള പദ്ധതികൾക്കായി നീക്കിവെച്ച തുക വിനിയോഗിക്കാൻ പഞ്ചായത്തിന് കഴിയുന്നില്ല. കൂടാതെ സർക്കാരിന്റെ അവഗണനയും വികസന ഫണ്ട് ലഭിക്കാത്തതും കാരണം ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്.
