ഇരിട്ടി: വട്ട്യറയിൽ ആളില്ലാത്ത വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് നാടോടി സംഘത്തിലെ ഏഴോളം സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളുമായെത്തിയ സംഘത്തെ ബുധനാഴ്ചയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.
പായം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പാഴ്വസ്തുക്കൾ ശേഖരിക്കാനെന്ന പേരിൽ എത്തിയ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് നാട്ടുകാർ പരിശോധന നടത്തിയത്. വട്ട്യറയിൽ റോഡരികിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ ഓട്ടുപാത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ടെത്തിയത് സംഭവത്തിന് വഴിതിരിവായി.
തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ വീട് പരിശോധിച്ചപ്പോൾ പൂട്ട് തകർത്ത നിലയിലാണെന്ന് കണ്ടെത്തുകയും, നാട്ടുകാർ സംഘത്തെ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിൽ നിരവധി വീട്ടുപകരണങ്ങൾ ചാക്കുകളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിട്ടി പോലീസ് നാടോടി സംഘത്തെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
