Zygo-Ad

മട്ടന്നൂർ-തലശ്ശേരി റോഡിൽ തകർന്ന കനാലിന്റെ സംരക്ഷണഭിത്തിയും റോഡും പുനർ നിർമിച്ചില്ല; അധികൃതരുടെ അനാസ്ഥയിൽ ജനകീയ പ്രതിഷേധം ശക്തം


മട്ടന്നൂർ-തലശ്ശേരി റോഡിൽ തകർന്ന കനാലിന്റെ സംരക്ഷണ ഭിത്തിയും റോഡും പുതുക്കി പണിയാൻ ഒരു വർഷത്തിനുശേഷം അധികൃതർ മണ്ണ് പരിശോധന നടത്തിയെങ്കിലും ജനങ്ങളുടെ ജീവൻ വെച്ചുള്ള പന്തട്ടത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നു. 2025 മെയ് മാസത്തിലാണ് ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച കനാലിന്റെ സംരക്ഷണ ഭിത്തിയും ടാറിങ് റോഡിനോട് ചേർന്ന കോൺക്രീറ്റ് ഭാഗവും തകർന്നത്. 92 ലക്ഷം രൂപ ചെലവഴിച്ചു പണിത 60 മീറ്റർ സുരക്ഷാഭിത്തിയും റോഡും നിർമ്മാണം പൂർത്തിയായി ഒരു വർഷം തികയും മുൻപേ പൂർണമായും തകരുകയായിരുന്നു.

​റോഡിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ മണ്ണിൽ നിന്ന് അടർന്നു മാറുകയും കൂറ്റൻ കോൺക്രീറ്റ് ഭിത്തികൾ വീണ്ടുകീറി ഏത് സമയത്തും വലിയ അപകടങ്ങൾ സംഭവിക്കാവുന്ന അവസ്ഥയിലാവുകയും ചെയ്തിട്ടും ഒരു വർഷത്തോളം അധികൃതർ തിരിഞ്ഞു നോക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാർഗോൾഡ് പ്രദേശങ്ങളിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പ്രധാന റോഡിലാണ് ഈ ഭീഷണി നിലനിൽക്കുന്നത്. കുഞ്ഞിപ്പള്ളിയിലെ തകർച്ചയ്ക്ക് പുറമേ കനാലിന്റെ എതിർവശത്തുള്ള സബ് രജിസ്ട്രാർ ഓഫീസിനു മുന്നിലെ കനാൽ റോഡും ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ഇതിന്റെ പുനർനിർമ്മാണ കാര്യത്തിൽ യാതൊരു തീരുമാനവുമില്ലാത്തത് ജനങ്ങളെയും യാത്രക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.


​കഴിഞ്ഞ ഓഗസ്റ്റിൽ തെളിപ്പിൽ കനാലിന്റെ അണ്ടർ ടണൽ തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറുകയും ഗതാഗതം പൂർണമായി തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും ഇവിടെയും ഒരു അറ്റകുറ്റപ്പണിയും നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണികൾ എന്ന പേരിൽ വർഷംതോറും ലക്ഷക്കണക്കിന് രൂപ വകയിരുത്തുന്നുണ്ടെങ്കിലും പഴശി കനാലിന്റെ ഭൂരിഭാഗം ഇടങ്ങളും തകർന്നടിഞ്ഞു കിടക്കുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിയുടെ ഫലമാണെന്നും അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.



വളരെ പുതിയ വളരെ പഴയ