കൂത്തുപറമ്പ് (കണ്ണൂർ): കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാൻ ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് കൂത്തുപറമ്പിൽ അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 7.30-ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് 4.30-ന് തൊക്കിലങ്ങാടി ടൗണിൽ നിന്ന് ആരംഭിക്കുന്ന അനുസ്മരണ റാലി കൂത്തുപറമ്പ് നഗരപ്രദക്ഷിണത്തിന് ശേഷം ടൗൺ സ്ക്വയറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ യുവമോർച്ച ജില്ലാ സെക്രട്ടറി ആകാശ് പവനൻ അധ്യക്ഷത വഹിക്കും. ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തും. യുവമോർച്ച കണ്ണൂർ സൗത്ത് ജില്ലാ അധ്യക്ഷൻ അർജുൻ വാസുദേവ്, സംഘാടകസമിതി ചെയർമാൻ ഷംജിത്ത് പാട്യം എന്നിവർ സംസാരിക്കും.
കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം, സി.കെ. സുരേഷ്, ടി.കെ. സജീവൻ ചെറുവാഞ്ചേരി, പ്രസാദ് വള്ളങ്ങാട്, വി. ഷാജി മൂര്യാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
