മട്ടന്നൂർ: മട്ടന്നൂരിൽ റിട്ടയേഡ് അധ്യാപികയായ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്തുനിന്ന് ആർക്കും പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമ്മ ജ്യോതിയെ വെട്ടിക്കൊലപ്പെടുത്തിയത് മകൻ നവീൻ കൃഷ്ണ (21) തന്നെയെന്നും, കൃത്യത്തിന് ശേഷം ഇയാൾ സ്വയം നെഞ്ചിൽ കത്തി കുത്തിയിറക്കി ജീവനൊടുക്കുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമീഷണർ വിജയ്ഭരത് റെഡ്ഡി വ്യക്തമാക്കി.
മട്ടന്നൂർ ലയൺസ് ക്ലബ് റോഡിലെ 'നന്ദനം' വീട്ടിൽ സി. ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. നവീൻ കൃഷ്ണ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും സംഭവത്തിന്റെ തലേദിവസവും കൂത്തുപറമ്പിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇയാൾ കൗൺസിലിംഗിന് വിധേയനായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10.30-ഓടെ പുറത്തുപോയി മടങ്ങിയെത്തിയ ജ്യോതിയുടെ ഭർത്താവ് കെ.ടി. ജയകൃഷ്ണനാണ് ഇരുവരെയും വീടിന്റെ രണ്ടാം നിലയിലെ വരാന്തയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. അയൽവാസികളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദ്, മട്ടന്നൂർ ഇൻസ്പെക്ടർ എം.വി. ഷീജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
