പലതതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും പത്തൊമ്പതാംമൈലിൽ റോഡിലെ കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് തകർന്ന് ഗർത്തമായതോടെ വാഹനങ്ങൾക്ക് അപകടഭീഷണിയാകുകയാണ്. മട്ടന്നൂർ-ഇരിട്ടി റോഡിൽ പത്തൊമ്പതാം മൈലിൽ റോഡിനടിയിൽനിന്നുള്ള നീരുറവയാണ് റോഡ് തകരാനും വെള്ളം കുത്തിയൊഴുകാനും ഇടയാക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുൻപ് റോഡ് പൊളിച്ച് പണി നടത്തിയെങ്കിലും വീണ്ടും കുഴി രൂപപ്പെട്ടിരിക്കുകയാണ്. പുതുതായി നിർമിച്ച കലുങ്കിനോട് ചേർന്നാണ് റോഡ് തകർന്ന് വെള്ളം
ഒഴുകുന്നത്. മഴ ശക്തമാകുമ്പോൾ നീരുറവ വഴി വെള്ളമൊഴുകി റോഡ് തകരുകയാണ്. അപകടം ഒഴിവാക്കാനായി അധികൃതർ റോഡിൽ അപായസൂചനാ ബോർഡ് സ്ഥാപിച്ചിരുന്നു. റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നത് ഒഴിവാക്കാനാണ് ദിവസങ്ങൾക്ക് മുൻപ് പണി നടത്തിയത്. എന്നാൽ മഴ ശക്തിപ്പെട്ടതോടെ വീണ്ടും റോഡ് തകർന്നു.