മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥരെ ഇ-ഡ്രോപ്സ് മുഖേന ഓൺലൈനായി തെരഞ്ഞെടുത്തു. 20 ശതമാനം റിസർവ് ഉൾപ്പെടെ 210 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുത്തത്. ആദ്യഘട്ട റാൻഡമൈസേഷൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പൊതുനിരീക്ഷക ആർ കീർത്തി എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ നടന്നു.
തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയോഗിക്കുന്നതിനുള്ള രണ്ടാംഘട്ട റാൻഡമൈസേഷൻ ആഗസ്റ്റ് 16ന് നടത്തും.
ഒരു പോളിംഗ് സ്റ്റേഷനിൽ അഞ്ച് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. തലശ്ശേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകൾ, തലശ്ശേരി നഗരസഭ എന്നിവയുടെ ഭൂപ്രദേശത്ത് വരുന്ന 4035 ഉദ്യോഗസ്ഥരിൽനിന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.
റാൻഡമൈസേഷന് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ആൻഡ്രൂസ് വർഗീസ് നേതൃത്വം നൽകി. ചെലവ് നിരീക്ഷകരായ എസ് സുരേഷ് കുമാർ, പി വി ജയൻ, എഡിഎം കെ കെ ദിവാകരൻ, പി സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.